കാഴ്ച്ചപ്പാടും ദൗത്യവും
ഏഴോം ഗ്രാമപഞ്ചായത്ത്
കാഴ്ചപ്പാടും ദൗത്യവും
73, 74 ഭരണഘടനാ ഭേദഗതി നിലവിൽ വന്നതോടെ ഗ്രാമപഞ്ചായത്തുകൾ പ്രാദേശിക സർക്കാരുകളായി മാറിക്കഴിഞ്ഞു. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സാമ്പത്തിക വികസനം എന്ന ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്ന പ്രാദേശിക സർക്കാരുകൾ ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റുന്ന സാമൂഹ്യസ്ഥാപനങ്ങൾ കൂടിയാണ്. |
ഒമ്പതാം പഞ്ചവത്സരപദ്ധതി മുതൽ കേരളത്തിൽ പഞ്ചവത്സരപദ്ധതികൾ ജനകീയ പദ്ധതികളായാണ് നടപ്പിലാക്കി വരുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞും ആവലാതികൾ കേട്ടറിഞ്ഞും എല്ലാവർക്കും തുല്യനീതി ഉറപ്പുവരുത്തിക്കൊണ്ട് സമഗ്രവും സന്തുലിതവുമായ വികസനം സാധ്യമാക്കുക എന്നതാണ് തദ്ദേശസ്ഥാപനങ്ങളുടെ ചുമതല. ഈ ചുമതലകൾ നിറവേറ്റുന്നതിന് ഉതകുന്ന പദ്ധതികളാണ് കഴിഞ്ഞ 25 വർഷക്കാലമായി ജനകീയാസൂത്രണ പദ്ധതിയിലൂടെ ഏഴോം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്നത്.
പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് പഞ്ചവത്സരപദ്ധതികളിലൂടെ നമ്മൾ കൈവരിച്ച വികസനനേട്ടങ്ങൾ അവലോകനം ചെയ്യുകയും നിലവിലെ വികസനാവസ്ഥ സംബന്ധിച്ച് ശാസ്ത്രീയമായി പഠിക്കുകയും ഇപ്പോഴും നിലനിൽക്കുന്ന വികസനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ബഹുതലസ്പർശിയായി ആസൂത്രണ പ്രക്രിയയിലൂടെ വിവിധ വിഷയമേഖലകളിൽ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ നാം ആരംഭിച്ചുകഴിഞ്ഞു.
നമ്മുടെ നാടിന്റെ മണ്ണും ജലവും ജൈവസമ്പത്തും സംരക്ഷിച്ചുകൊണ്ട് ഒരു നവകേരളം സൃഷ്ടിക്കുക എന്ന മഹത്തായ ലക്ഷ്യപ്രാപ്തിക്കായി സർക്കാർ നവകേരള മിഷൻ എന്ന പേരിൽ ഒരു ജനകീയ വികസനപരിപാടി ആവിഷ്കരിച്ചിട്ടുണ്ട്. ലൈഫ് മിഷൻ, ആർദ്രം, ഹരിതകേരള മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ നാല് മിഷനുകൾ ചേർന്നതാണ് നവകേരള മിഷൻ. ഈ നാല് മിഷനുകളും ലക്ഷ്യമിട്ട ഉദാത്തമായ വികസനസമീപനമാണ് ഏഴോം ഗ്രാമപഞ്ചായത്തും ലക്ഷ്യമിടുന്നത്.
കണ്ണൂരിന്റെ നെല്ലറ എന്നറിയപ്പെടുന്ന ഏഴോം ഗ്രാമപഞ്ചായത്ത് കാർഷികസമൃദ്ധിയുടെ നാടാണ്. പദ്ധതിയിൽ നമ്മൾ ഉൽപാദനമേഖലയ്ക്കാണ് ഊന്നൽ നൽകുന്നത്. കൂടാതെ സാമൂഹ്യസുരക്ഷിതത്വം, പൊതുസേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ അവശവിഭാഗങ്ങളുടെ ഉന്നമനം, മണ്ണും ജലവും ജൈവസമ്പത്തും സംരക്ഷിക്കുന്നതിന് ഉതകുന്ന പദ്ധതികൾ തുടങ്ങി സർവതലസ്പർശിയായ പദ്ധതികളാണ് 2024–25 വർഷം നാം ആസൂത്രണം ചെയ്യുന്നത്.
അതോടൊപ്പം തന്നെ സമകാലീന പ്രസക്തിയുള്ള ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിന്റെ ഭൗതിക സാഹചര്യങ്ങൾക്കും കാലാവസ്ഥയ്ക്കും അനുസൃതമായ ദുരന്തനിവാരണ പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.
| കാഴ്ചപ്പാട് സുതാര്യവും ജനസൗഹൃദപരവും പരിസ്ഥിതി സൗഹൃദവുമായ ഭരണത്തിലൂടെ സമഗ്ര വികസനം കൈവരിച്ച് മാതൃകാ ഗ്രാമപഞ്ചായത്തായി മാറുക. |
![]() | ദൗത്യം അടിസ്ഥാന വികസനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക. |
![]() | ഗുണമേന്മാ നയം പ്രാദേശിക സർക്കാരെന്ന ആശയം പൂർണ്ണതയിലെത്തിക്കുന്നതിന് ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും ഗുണമേന്മ ഉറപ്പുവരുത്തി പൊതുജനങ്ങൾക്ക് സമയബന്ധിതമായി സുതാര്യവും കാര്യക്ഷമവുമായ സേവനം ലഭ്യമാക്കി ഒരു ജനസൗഹൃദ പഞ്ചായത്തായി മാറുകയാണ് ഗ്രാമപഞ്ചായത്തിന്റെ നയം. |


